സുനിത വില്യംസ് ഇനി ഭൂമിയിലേക്ക്; ക്രൂ 10 വിക്ഷേപണം വിജയകരം
ഫ്ലോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള ക്രൂ 10 ദൗത്യം വിജയകരം. നാസയും സ്‌പേസ് എക്‌സും ചേർന്നാണ് ദൗത്യം നടത്തിയത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലൂടെയാണ് സ്പേസ് എക്‌സ് ക്രൂ 10 പേടകം വിക്ഷേപിച്ചത്.
നാല് ബഹിരാകാശ സഞ്ചാരികളുമായി ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30നാണ് പേടകം പുറപ്പെട്ടത്. നാളെ രാവിലെ 9 മണിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ക്രൂ 10 ഡോക്ക് ചെയ്യും. പുതിയ സംഘം എത്തിയതിനു ശേഷം മാർച്ച് 19ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങും.
നിക്കോൾ അയേഴ്സ്, ആനി മക്ലെയിൻ (നാസ), തകുയ ഒനിഷി (ജാക്സ - ജാപ്പാൻ), കിറിൽ പെസ്കോവ് (റോസ്കോസ്മോസ് - റഷ്യ) എന്നിവരാണ് ക്രൂ 10 സംഘം. മാർച്ച് 12ന് ഈ ദൗത്യം നടത്താനായിരുന്നു നാസയുടെ പദ്ധതി, എന്നാൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം വൈകുകയായിരുന്നു.
കഴിഞ്ഞ ജൂൺ 5നാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. 9 മാസമായി അവർ ഐഎസ്എസ്സിൽ തുടർന്ന ശേഷമാണ് ഇപ്പോൾ തിരിച്ചെത്തുന്നത്.